ഇ-മാലിന്യം

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `ഇ’ എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക്‌ പതുക്കെ നാം നടന്നു നീങ്ങുകയാണ്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌. നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.എന്താണ്‌ ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം
(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം.
(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.
ഇവിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു’ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌’ ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ “ഉപയോഗിക്കൂ:വലിച്ചെറിയൂ” എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌. നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ “അപകടകരമായ വസ്‌തു”ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 20 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ – ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല.

ബദല്‍ സാധ്യതകള്‍

വിവരസാങ്കേതികവിദ്യ മലിനീകരണ വിമുക്തമായ വ്യവസായമല്ല. പുകകുഴലില്ലാത്ത, തൊട്ടടുത്ത ജലാശയത്തെ തവിട്ടു നിറമുള്ള ദ്രാവകത്താല്‍ മലിനമാക്കാത്ത വ്യവസായങ്ങളെയെല്ലാം പരിസ്ഥിതി സൗഹൃദങ്ങളാണെന്ന്‌ നാം മനസ്സിലെവിടെയോ ഉറപ്പിച്ചു വെച്ചിരുന്നു. കംപ്യൂട്ടര്‍ രംഗപ്രവേശം ചെയ്‌ത ആദ്യനാളുകളില്‍ ചെറുത്തുനിന്നവര്‍ പോലും മലിനീകരണ വിമുക്തമാണ്‌ ഈ നവസാങ്കേതികവിദ്യ എന്ന ആശയത്തെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ നമ്മുടെ വീടുകളിലും ഓഫീസിലും ഉപയോഗത്തെക്കാളേറെ ആഡംബരമായി മാറിക്കഴിഞ്ഞ ഉപകരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇ -മാലിന്യമാകുമെന്നതില്‍ സംശയമില്ല. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാന്‍ സാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന ഇത്തരം പാഴ്‌വസ്‌തുക്കള്‍ക്ക്‌ ബദല്‍ സാധ്യതകള്‍ ആരായുകയാണ്‌ ഈ ലേഖനത്തില്‍.സമൂഹത്തിന്റെ സര്‍വ്വ മണ്‌ഡലങ്ങളിലും വ്യാപിച്ച്‌ കഴിഞ്ഞ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നത്‌ ഒരു തുഗ്ലക്ക്‌ പരിഷ്‌ക്കാരമായി ഭവിക്കും. ഉപയോഗിക്കാതിരിക്കുക എന്നതില്‍ നിന്നും ഉപരിയായി എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതാണ്‌ മുഖ്യം. തീര്‍ച്ചയായും മുന്‍ സാങ്കേതിക വിദ്യയെ അപേക്ഷിച്ച്‌ വിവര സാങ്കേതികവിദ്യ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത്യന്തം ലഘൂകരിക്കുകയും പ്രവര്‍ത്തനവേഗത അവിശ്വസനീയമാം വിധം മാറ്റുകയും ചെയ്‌തിട്ടുണ്ട്‌. ഇന്റര്‍നെറ്റിന്റെ വരവോടെ സ്ഥലകാല സീമകള്‍ അലിഞ്ഞില്ലാതെയായി. ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം മാനവരാശിയെ എങ്ങനെ സ്വാധീനിച്ചുവോ അതിലും എത്രയോ ഇരട്ടി സ്വാധീനം നെറ്റ്‌വര്‍ക്ക്‌ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റും സൃഷ്‌ടിച്ചു കഴിഞ്ഞു. ഇതോടൊപ്പം സൃഷ്‌ടിക്കപ്പെടുന്ന ഇ -മാലിന്യത്തെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്‌. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ പറയാം. ഇ -മാലിന്യത്തിന്റെ സംസ്‌കരണം അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ്‌. ഭാരിച്ച മുതല്‍ മുടക്കും ആവശ്യമായി വരും. ഇത്‌ പരിഹരിക്കാന്‍ നമുക്കെന്തു ചെയ്യാനാകും.വിപണിയില്‍ നിന്നും വാങ്ങുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗശേഷം തിരിച്ചെടുക്കുന്ന രീതി നടപ്പാക്കുക. യൂറോപ്യന്‍ യൂണിയന്‍ സമാനമായ നിയമം നടപ്പാക്കി കഴിഞ്ഞു. ആദ്യം ഒരു തുക ഉല്‍പന്ന വിലയോടൊപ്പം ഉപഭോക്താവില്‍ നിന്ന്‌ ഈടാക്കുക തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഈ തുക മടക്കി നല്‍കിയാല്‍ മതിയാകും. വലിച്ചെറിയാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ പണത്തെ ഓര്‍ത്തെങ്കിലും തിരികെ എത്തിക്കുമല്ലോ. ഇത്തരം കമ്പനികള്‍ക്ക്‌ മാലിന്യമായ ഉപകരണങ്ങളെ ശാസ്‌ത്രീയമായി സംസ്‌കരിക്കാന്‍ സാധിക്കും.രൂപകല്‌പനയില്‍ സമൂലമായ മാറ്റം വരുത്തുക മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള നിര്‍മ്മാണ പ്രക്രിയയും ഉല്‍പ്പന്നവും വികസിപ്പിച്ചെടുക്കാന്‍ കമ്പനികള്‍/നിര്‍മ്മാതാക്കള്‍ തയ്യാറാകണം. ഘട്ടംഘട്ടമായെങ്കിലും ലെഡ്‌, കാഡ്‌മിയം, മെര്‍ക്കുറി, എന്നിവ ഒവിവാക്കികൊണ്ടുള്ള നിര്‍മ്മാണത്തിലേക്ക്‌ ശ്രദ്ധ പതിപ്പിക്കുക. സോണി കോര്‍പ്പറേഷന്‍ ലെഡ്‌ രഹിതമാകുമ്പോള്‍ ഡറിംഗ്‌ പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഐ.ബി.എം. കമ്പനി, 100% റീ സൈക്കിള്‍ ചെയ്യാവുന്ന റെസിന്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഫിലിപ്‌സിന്റെ ബാറ്ററി ഉപയോഗിക്കേണ്ടാത്ത റേഡിയോ ….ഇവയൊക്കെ ഉത്തമ മാതൃകകളാണ്‌.ശാസ്‌ത്രീയമായി ഇ -മാലിന്യം സംസ്‌ക്കരിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക. ബാംഗ്ലൂരില്‍ ഇ -പരിസര എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്‌. വര്‍ഷാന്ത്യമുള്ള എനര്‍ജി ഓഡിറ്റിംഗില്‍ ഇ -മാലിന്യസംസ്‌ക്കരണവും ഉള്‍പ്പെടുത്തുക. അശാസ്‌ത്രീയമായ ഇ -മാലിന്യ സംസ്‌ക്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെ നിരോധിക്കുക. പക്ഷെ പുകവലി നിരോധിച്ചതുപോലെയാകരുത്‌. അപകടകരമായ ഇത്തരം മാലിന്യങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുക. ഉപകരണങ്ങളുടെ പുറത്ത്‌ ഒരു ലേബലിംഗ്‌ സമ്പ്രദായം നടപ്പാക്കുക. എത്രമാത്രം അപകടകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു ഉപയോഗത്തിന്‌ ശേഷം ആരെ ഏല്‌പിക്കണം തുടങ്ങിയ വിവരങ്ങള്‍ ഈ ലേബല്‍ ഉപകരണത്തിന്റെ മുന്‍ഭാഗത്ത്‌ കാണാനാവുന്ന വിധത്തില്‍ തന്നെ പതിയ്‌ക്കണംനിങ്ങളുടെ ആവശ്യത്തിലും കുറഞ്ഞ പ്രവര്‍ത്തനശേഷിയുള്ള കംപ്യൂട്ടര്‍ സ്‌ക്കൂളുകള്‍ക്ക്‌ സംഭാവനയായി നല്‌കുക. കംപ്യൂട്ടര്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക്‌ ഇതൊരനുഗ്രഹമാകും.പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഏറെക്കാലം പ്രവര്‍ത്തിക്കുന്നവ തിരഞ്ഞെടുക്കുക. ഒരേതരം ഉപകരണം വിവിധ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഇവയുടെ ലൈഫ്‌ ടൈം താരതമ്യപ്പെടുത്തുക. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൂട്ടിചേര്‍ക്കലുകള്‍ക്ക്‌ ഉപകരണം സപ്പോര്‍ട്ട്‌ ചെയ്യുമോ എന്ന്‌ ചോദിച്ചറിയുക. ഉദാ: കംപ്യൂട്ടറില്‍ ഭാവിയില്‍ കൂടുതല്‍ മെമ്മറി (RAM) കൂട്ടിയിണക്കാന്‍ കഴിയുക. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള ഉപകരണങ്ങള്‍ മിക്കതും കുറഞ്ഞ അന്തരീക്ഷ മലിനീകരണ സാധ്യതയേ സൃഷ്‌ടിക്കുകയുള്ളു. ഇ -മാലിന്യത്തില്‍ പിക്‌ചര്‍ ട്യൂബുകളാണല്ലോ വില്ലന്‍. ഇതിന്‌ പകരക്കാരനായുള്ള എല്‍.സി.ഡി. മോണിറ്ററുകള്‍ വളരെ കുറഞ്ഞ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു. വില അല്‌പം കൂടുതലാണെങ്കിലും. ഒരു വര്‍ഷത്തെ വൈദ്യുത ചാര്‍ജ്ജ്‌ കൂടിചേര്‍ത്ത്‌ നോക്കുമ്പോള്‍ ആദായകരമാണെന്ന്‌ ബോധ്യമാകും. മാലിന്യതോത്‌ സി.ആര്‍.ടി. മോണിറ്ററുകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌ റേഡിയേഷനും.സോഫ്‌ട്‌വെയര്‍ വ്യവസായത്തിലെ പ്രവണതകള്‍ ഇ -മാലിന്യത്തിന്‌ കാരണമാകുന്നുണ്ട്‌. നമ്മുടെ ആവശ്യത്തിലും അധികമായുള്ള യൂട്ടിലിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്‌ട്‌ വെയര്‍ വാങ്ങാന്‍ പ്രലോഭിപ്പിക്കുകയാണ്‌. പുതിയ സോഫ്‌ട്‌ വെയറുകള്‍ക്ക്‌ തക്ക ഹാര്‍ഡ്‌ വെയറും സംഘടിപ്പിക്കണമല്ലോ. ഇപ്പോഴത്തെ ഹാര്‍ഡ്‌വെയര്‍ ഇ -മാലിന്യമാകുമെന്ന്‌ പറയേണ്ടതില്ല. വേര്‍ഡ്‌ പ്രോസസിംഗ്‌ മാത്രം ഉപയോഗമുള്ള സ്ഥലങ്ങളിലും ഏറ്റവും കൂടിയ ശേഷിയുള്ള കംപ്യൂട്ടറുകളാണ്‌ വാങ്ങികൂട്ടുന്നത്‌. ഇനി ഇങ്ങനെ മാറ്റാന്‍ നിര്‍ബന്ധിതമാകുന്ന കംപ്യൂട്ടര്‍ നിങ്ങള്‍ ഒരു സ്‌ക്കൂളിന്‌ സംഭാവനയായി നല്‌കുന്നു എന്ന്‌ കരുതുക. നിലവിലുള്ള നിയമപ്രകാരം പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഓഫീസ്‌ പാക്കേജും വിപണിയില്‍ നിന്ന്‌ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഏഴായിരത്തിലധികം രൂപ മുതല്‍മുടക്കണം. അല്ലെങ്കില്‍ `മൈക്രോസോഫ്‌ട്‌ പൊലീസ്‌’ സോഫ്‌ട്‌ വെയര്‍ പകര്‍പ്പവകാശ ലംഘനത്തിന്‌ സ്‌ക്കൂളധികൃതരെ പിടികൂടിയേക്കാം. ഇവിടെയാണ്‌ സ്വതന്ത്രസോഫ്‌ട്‌വെയറുകളുടെ പ്രസക്തി. സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ഹാര്‍ഡ്‌ വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തുകയും എന്നാല്‍ സാമ്പത്തികമായ ബാധ്യതകള്‍ ഉണ്ടാക്കുകയുമില്ല. മൈക്രോസോഫ്‌ടിന്റെ മാര്‍ക്കറ്റിംഗ്‌ തന്ത്രം ഇ -മാലിന്യത്തിന്‌ കാരണമാകുന്നുവെന്ന്‌ പറയാം.മാറിയ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത വേതനം പറ്റുന്ന എന്‍ജീനിയര്‍മാരും ശാസ്‌ത്രജ്ഞരും ആഗോള കംപ്യൂട്ടര്‍ സ്ഥാപനങ്ങളുടെ അഭിവാജ്യ ഘടകമാണ്‌. ഈ കൂട്ടായ്‌മ തന്നെയാണ്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്‌ടിക്കുന്നതും. ഇതിന്റെ വാണിജ്യ സാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന സംരംഭകര്‍ വന്‍ലാഭം കൊയ്യുകയും ചെയ്യും. എന്നാല്‍ ഇവരുടെ പ്രാവീണ്യത്തിന്റെയും ബുദ്ധി വൈഭവത്തിന്റെയും ചെറിയ ഒരംശമെങ്കിലും ഇവര്‍ തന്നെ സമ്മാനിച്ച ഇ -മാലിന്യത്തിന്റെ സംസ്‌ക്കരണത്തിന്‌ വിനിയോഗിക്കുന്നില്ല എന്നത്‌ ദുഃഖകരമായ വസ്‌തുതയാണ്‌.

Leave a Comment